ആദ്യനാളുകളിൽ തന്നെ തൻ്റെ സമ്പത്ത് ഉപയോഗിച്ച് പ്രവാചകന് സംരക്ഷണ കവചം പണിത പ്രിയ പത്നി ആഇഷ ബീവി (റ) യിൽ നിന്നും തുടങ്ങുന്നതാണ് ഈ പരമ്പര, വ്യത്യസ്ത കാലങ്ങളിലായി ലോകപ്രസിദ്ധ പണ്ഡിതന്മാരെ വാർത്തെടുക്കുന്നതിൽ പണ്ഡിതകളുടെ പങ്ക് ചെറുതൊന്നുമല്ല, സഹാബിമാർ, താബിഉകൾ, നാലു മദ്ഹബിന്റെ ഇമാമുമാർ, ഇവരെല്ലാം നിരവധി പണ്ഡിത കളിൽനിന്നും അറിവ് നേടിയവരായിരുന്നു.
എന്നാൽ ചരിത്രത്തിൽ വൈജ്ഞാനിക വിപ്ലവം കൊണ്ട് എക്കാലത്തും ഓർമ്മപ്പെടുത്തുന്ന ഒരു മഹതിയുണ്ട്, ഫാത്തിമ അൽ ഫിഹ്രിയ്യ, ലോകത്തെ ആദ്യ സർവകലാശാല സ്ഥാപിച്ച വനിതയുടെ പേരാണത്. മഹതിയെക്കുറിച്ചും ജാമിഅ അൽ ഖറവിയ്യയെ കുറിച്ചമുള്ള ചെറിയ ഒരു കുറിപ്പാണിത്.
ഫാത്തിമ അൽ ഫിഹ്‌രിയ്യ
പതിനാലാം നൂറ്റാണ്ടിലെ ചരിത്രകാരനായ ഇബ്നു അബി സാറ തൻറെ ഗ്രന്ഥത്തിൽ മഹതിയെക്കുറിച്ച് രേഖപ്പെടുത്തിയത് ഒഴികെ അവരുടെ വ്യക്തി ജീവിതത്തെ കുറിച്ച് അധികമൊന്നും ലഭ്യമല്ല, ക്രിസ്താബ്ദം 1323 അൽ ഖറാവിയ്യിൻ ലൈബ്രറിയിൽ സംഭവിച്ച വലിയ തീപിടുത്തത്തിൽ ധാരാളം കിതാബുകൾ നഷ്ടപ്പെട്ടതാണ് പ്രധാനകാരണം.
ക്രിസ്താബ്ദം 800 ൽ തുനീഷ്യയിലെ ഖൈറുവാനിൻ എളിമയും ഭയഭക്തിയും അനന്തരമാക്കിയ ഒരു കുടുംബത്തിൽ ജനിച്ച ഫാത്തിമ അൽ ഫിഹ്രിയ വിഞ്ജാന ശാഖകളൊരുപാട് സ്വായത്തമാക്കി, മഹതിയെപോലെ തന്നെ സഹോദരി മറിയമും പാണ്ഡിത്യ ത്തിൻറെ നിറകുടമായിരുന്നു, ലോകപ്രസിദ്ധരായ ഒരുപാട് പണ്ഡിതർ മഹതിയുടെ ശിഷ്യരിൽ ഉണ്ട് , മുഖദ്ദിമ കൊണ്ട് പ്രസിദ്ധനായ ഇബ്നു ഖൽദൂൻ ഇവരിൽ പ്രധാനിയാണ്.
പിതാവ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഫിഹ്‌രി ഉഖ്ബത്ത് ബിൻ നാഫിഅ് (റ) ന്റെ പരമ്പരയിലെ കണ്ണിയാണ്.
ക്രിസ്താബ്ദം 824 ൽ കൊർദോവ (തെക്കൻ സ്പെയിൻ) ഖൈറുവാനിൽ നിന്ന് പുറത്താക്കപ്പെട്ട അറബികളുടെ കൂട്ടത്തിൽ ഇവരുടെ കുടുംബവും മൊറോക്കോയിലെ ഫെസ്സ് നഗരത്തിലേക്ക് കുടിയേറി, ഫെസ്സിൽ എത്തിയതോടെ പിതാവ് മുഹമ്മദ് ബിൻ അബ്ദുല്ല അതിസമ്പന്നനായ ഒരു വ്യാപാരിയായി മാറി, തന്റെ കച്ചവടങ്ങളിലെല്ലാം വിജയം കൈവരിച്ചു.
പിതാവിൻറെ മരണശേഷം പിതാവിൻറെ മുഴുവൻ സമ്പത്തും അനന്തരം കിട്ടിയ ഫാത്തിമയും സഹോദരി മറിയമും അല്ലാഹുവിൻറെ പ്രീതി കാംഷിച്ച് ഓരോ പള്ളികൾ പണിയാൻ തീരുമാനിച്ചു, അറബികളുടെ കൂട്ടത്തോടെയുള്ള വലിയ കുടിയേറ്റം കാരണം ഫെസ്സിലെ പള്ളികൾ ആരാധകരാൽ നിറഞ്ഞു കവിയുകയും ചെയ്ത സാഹചര്യത്തിൽ മതപരമായ ഈ ആവശ്യം നിറവേറ്റാൻ കൂടിയായിരുന്നു ഈ തീരുമാനം.
സഹോദരി മറിയം പണിത പള്ളി പിന്നീട് മസ്ജിദ് അന്തലൂസ് എന്നാണ് അറിയപ്പെട്ടത്.
ജാമിഅ അൽ ഖറവിയ്യീന്
മഹതി ഫാത്തിമ പള്ളിയേക്കാൾ കൂടുതൽ വികസിപ്പിച്ചെടുക്കാൽ ആഗ്രഹിക്കുകയും തുടർന്ന് അൽ ഖറ വിയ്യയ്ക്കായി അവർക്കു ചുറ്റുമുള്ള സ്ഥലം വാങ്ങുകയും ഒരു പാഠശാലയുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്തു.
നിർമ്മാണത്തിനു സ്വയം മുന്നോട്ടിറങ്ങുകയും ആവശ്യവസ്തുക്കൾക്കായി തന്റെ ഭൂമി തന്നെ ഖനനം ചെയ്യുവാൻ മഹതി നിർബന്ധിച്ചു, പ്രമുഖ ചരിത്രകാരൻ ഹസൻ ഹുസ്നി എന്നവർ രേഖപ്പെടുത്തുന്നു താൻ വാങ്ങിയ ഭൂമി മാത്രം ഉപയോഗിക്കാൻ മഹതി പ്രതിജ്ഞയെടുക്കുകയും അതിനാൽ കൂടുതൽ വിഭവങ്ങൾ ഉപയോഗിക്കുന്നതിനു അതിരുകടന്നതായി തോന്നരുതെന്നും അവർ പറഞ്ഞിരുന്നത്രെ.
മഹതി തന്നെ ആയിരുന്നു നിർമ്മാണ പദ്ധതികൾക്കു മേൽനോട്ടം വഹിച്ചിരുന്നത്. ടുണീഷ്യൻ ചരിത്രകാരൻ
ഹസൻ ഹുസ്നി അബ്ദുൽ വഹാബ് തൻറെ "ശഹീറാത്തു തൂനിസിയ്യാത്ത് " എന്ന ഗ്രന്ഥത്തിൽ പറയുന്നു: ഈ പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കാൻ 18 വർഷം എടുത്തിട്ടുണ്ട്, മൊറോക്കൻ ചരിത്രകാരൻ അബ്ദുൽ ഹാദി പറയുന്നു: നിർമ്മാണം പൂർത്തിയാവുന്നത് വരെ ഫാത്തിമ അൽഫിഹ്രിയ നോമ്പ്അനുഷ്ഠിക്കുകയും നിർമാണം കഴിഞ്ഞ ഉടനെ പള്ളിക്കകത്ത് കയറി നാഥന് ശുക്റിന്റെ സുജൂദിൽ വീഴുകയും ചെയ്തു, ജന്മനാടായ ഖൈറുവാനിലെ കുടിയേറ്റക്കാർക്ക് വേണ്ടി അവരുടെ പേര് തന്നെ നൽകി "ജാമിയ അൽ ഖറവിയ്യീൻ....."
സുൽത്താൻ യഹിയ ബിൻ ഇദ്രീസ് രണ്ടാമന്റെ കാലഘട്ടത്തിൽ ആയിരുന്നു ഇത്. ഇസ്ലാമിക വാസ്തുവിദ്യയുടെ ഒരത്ഭുതം തന്നെയാവാം സുല്ത്താന്റെ ശ്രദ്ധയാകർഷിച്ചത്, ഇന്നും ഏറെ സവിശേഷതകൾ നിറഞ്ഞതാണ് ഇവിടം,
ഉയർന്ന നിലവാരമുള്ള വാസ്തുവിദ്യ കലാരൂപവും സൗന്ദര്യാത്മകവുമായ രൂപത്തിലും വ്യത്യസ്തമാക്കുന്നു, വിശാലമായ മുറ്റവും അതിൻറെ മതിലുകളിൽ തീർത്ത ഇസ്ലാമിക അലങ്കാരങ്ങളും കമാന ചന്ദ്രക്കലയുള്ള വാതിലുകളും ഏറെ സവിശേഷതകൾ നിറഞ്ഞതാണ്, മാത്രമല്ല ഇന്നും ഇസ്ലാമിക സ്വത്വത്തിന്റെ പല ചിഹ്നങ്ങളും മൂല്യങ്ങളും വഹിക്കുന്നുണ്ട്, ഇത്രയും മികച്ച നിർമ്മാണ ശാസ്ത്രവും എഞ്ചിനീയറിംഗും മഹതിയുടെ നിർമ്മാണ വിദ്യയിലെ പ്രാഗൽഭ്യത്തെ വിളിച്ചോതുന്നുണ്ട്.
തുടക്കകാലത്ത് അതിൻറെ വിശാലമായ മുറ്റത്ത് വെച്ചായിരുന്നു ശാസ്ത്രീയവും ദീനീയുമായുള്ള ചർച്ചകളും പഠനങ്ങളും ഗ്രാമീണർക്ക് വേണ്ടിയുള്ള പ്രഭാഷണങ്ങളും പാഠങ്ങളും വിവിധ പണ്ഡിതർ നടത്തിയിരുന്നത്, പിന്നീട് ക്രിസ്താബ്ദം 877 ലാണ് സർവകലാശാലയായി മാറുന്നത്.
സർവ്വകലാശാലയിൽ ഇസ്‌ലാമിക വിജ്ഞാനീയങ്ങളിയ മതതത്വശാസ്ത്രം അറബി സാഹിത്യം മാലികി കർമശാസ്ത്രകിതാബ്കൾകൊപ്പം ഇംഗ്ലീഷ് ഭാഷയും ആസ്ട്രോളജി ജിയോളജി കെമിസ്ട്രി മെഡിസിൻ സയൻസ്, ഗണിത ശാസ്ത്രവും പാഠ്യവിഷയങ്ങളിൽ പെടുന്നു.
ലോകപ്രസിദ്ധരായ ഒരുപാട് പണ്ഡിത കുലപതികൾ ഈ വിജ്ഞാന സാഗരത്തിലെ പൂർവ്വവിദ്യാർത്ഥികളാണ് , അറബികളുടെയും അനറബികളുടെയും ഒരു പരമ്പര തന്നെയുണ്ട്.
യൂറോപ്പിലെ സംഖ്യാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ബാബാ അൽ ഫാത്തിക്കൻ സൽഫസ്റ്റർ രണ്ടാമൻ, തത്വശാസ്ത്രനായ മൂസ ബിൻ മൈമൂൻ, ഭൂമിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശരീഫ് ഇദ്രീസി, ഗോളശാസ്ത്ര പണ്ഡിതനായ ഇബ്നു ബനാഅ് അൽ മറാകിശി എന്നിവർ ഇവരിൽ പ്രധാനികളാണ്.
സ്പെയിനിലെ തത്ത്വശാസ്ത്ര പണ്ഡിതനായ ഇബ്നു റുഷ്ദിനുപുറമേ ഇബ്നു ഖൽദൂൻ, ഇബ്നു ബാജ എന്നറിയപ്പെടുന്ന അബൂബക്കർ ബിൻ മുഹമ്മദ് ബിൻ യഹിയ ബിൻ അസ്സാഇഗ് ബിൻ ബാജാ അൽ തജീബിയും മുസ്ലിം ലോകത്തെ അറിയപ്പെട്ട പണ്ഡിതരും ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയവരാണ്.
വൈജ്ഞാനിക പൈതൃകത്തിന്റെ ഇസ്ലാമിക ചരിത്രത്തിൽ ജ്വലിച്ചു നിൽക്കുന്ന അനേകം ഫാത്തിമ ഫിഹ്രിയ്യമാർ ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ട്, നൂറ്റാണ്ടുകൾക്കു മുമ്പ് ഒരു സർവകലാശാല പണിതുയർത്തിയ മഹതിയുടെ ജീവിതവും ദീർഘവീക്ഷണവും ആധുനിക തലമുറയ്ക്ക് ഏറെ പാഠം നൽകുന്നതാണ്.
സുബൈർ മോൻ കൂട്ടിലങ്ങാടി


COMMENTS